Thursday, 23 October 2008

കറുത്തമതം

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കറുപ്പുപോലെ തലയ്ക്കുപിടിച്ചപ്പോള്‍ എന്റെ അച്ചായന്‍ പണിക്കുപോക്ക് നിര്‍ത്തി ഫുള്‍ടൈം പാര്‍ട്ടിപ്രവൃത്തനങ്ങളില്‍ വ്യാപൃതനായി.

പാര്‍ട്ടിക്കുവേണ്ടി കൊടിപിടിക്കുന്നതിലും, പിടിപ്പിക്കുന്നതിലും- ഇടികൊള്ളുന്നതിലും, കൊടുക്കുന്നതിലും വല്ലാത്തൊരു ആത്മസംതൃപ്തി അക്കാലത്ത് അച്ചായന്‍ അനുഭവിച്ചുപോന്നു. ആഹാരം കഴിക്കുമ്പോള്‍ പോലും കെ.എസ്സ്.ജോര്ജ്ജിന്റെ വിപ്ലവഗാനങ്ങള്‍ മൂളിയിരുന്ന അക്കാലത്ത് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രക്തസാക്ഷി ആവാന്‍ മാത്രമല്ല മന്ത്രിയാകാനും അച്ചായന്‍ മടിക്കില്ലായിരുന്നു.

ഏതോ ഒരു കൊടിമൂത്ത താത്വികാചാര്യന്റെ സ്റ്റഡീക്ലാസ്സാണ് എല്ലാം കീഴ്മേല്‍ മറിച്ചത്... "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്" മുതുമുത്തച്ഛന്‍ സഖാവ് എവിടെയോ എഴുതിവച്ചിരുന്നകാര്യം അന്നാദ്യമായാണ് അച്ചായന്‍ കേള്‍ക്കുന്നത്.

അതിനുശേഷം അച്ചായന്‍ എന്നും പള്ളിയില്‍ പോകും, മതപരമായ എല്ലാ ചടങ്ങുകളിലും പങ്കെടുക്കും. ഇതരമതങ്ങളോടും വല്ലാത്ത ആദരവും അനുഭാവവും പ്രകടിപ്പിക്കും.

കറുപ്പ് അച്ചായന്റെ ഒരു വീക്നെസ്സ് ആയിരുന്നു... ചെറുപ്പംമുതല്‍.

Monday, 13 October 2008

കുരങ്ങന്‍

"ആളെമനസ്സിലായില്ലാലോ... എവിടുന്നാ"

"ഞാന്‍ ഇവിടുത്തുകാരന്‍ തന്നെ, ആല്‍ത്തറ സ്റ്റോപ്പിന്റെ താഴെ മൂന്നാമത്തെവീട്"

"ആല്‍ത്തറ സ്റ്റോപ്പിന്റെ താഴെ..... പിടികിട്ടീലല്ലോ മോനെ. അച്ഛന്‍ പോസ്റ്റ്മാനാണോ‌?"

"അല്ല... ഇവിടുത്തെ ഹൈസ്കൂളില്‍ മാഷാണ്..."

"ആല്‍ത്തറസ്റ്റോപ്പില്‍ ഏതുമാഷ്...പുതിയ താമസക്കാരാ..?"

"അല്ല ..നാലുവര്‍ഷമായിട്ട് ഇവിടെത്തന്നെയാ.. അമ്മയെ അറിയുമായിരിക്കും ഇവിടുത്തെ ബാങ്കില്‍ മാനേജരാണ്.. സ്റ്റേറ്റ്ബാങ്ക്"

"എനിക്കത്രയങ്ങോട്ട് ഓര്‍മ്മകിട്ടുന്നില്ല... നിങ്ങളു മക്കള്‍ എത്രപേരാ?"

"രണ്ടുപേരു...എനിക്കൊരു സിസ്റ്ററുണ്ട്....പറഞ്ഞാല്‍ അറിയാതിരിക്കില്ലാ.. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ഈ വര്‍ഷത്തെ കലാതിലകമാണ്... പത്രത്തിലൊക്കെ വാര്‍ത്ത ഉണ്ടായിരുന്നു"

"ഒന്നുചോദിക്കട്ടെ...ആല്‍ത്തറ സ്റ്റോപ്പുകഴിഞ്ഞാല്‍ മൂന്നാമത്തെ വീടന്നല്ലെ പറഞ്ഞെ?"

"അതെ ..നീല പെയിന്റടിച്ച ഗേറ്റൊക്കെയായിട്ട്... "

"ആ നീല ഗേയ്റ്റ് ... ആവീട്ടിലല്ലെ ഒരു കുരങ്ങുള്ളത്... തെങ്ങിന്റെ ചുവട്ടില്‍ കെട്ടിയിട്ടിരിക്കുന്ന..."

"അതെ ആവീടുതന്നെ"

"ഇപ്പോഴല്ലെ ആളെ മനസ്സിലായത് ... ഇതങ്ങ് ആദ്യമെ പറഞ്ഞാല്‍ പോരായിരുന്നോ"!!!

Friday, 4 July 2008

ആദ്യപാവം അത്തിയിലപറിച്ചത്

ദൈവം പതിവുപോലെ ഏദന്‍‍‌തോട്ടത്തില്‍ സായാഹ്നസവാരിക്കിറങ്ങി... പഴയതുപോലെ നേരമ്പോക്കിനുള്ള ഒരു ചുറ്റിക്കറക്കമല്ലാ. തോട്ടത്തില്‍ മുഴുവന്‍ ചുറ്റിനടന്നു ശ്രദ്ധിക്കണം, എല്ലാത്തിലുമുപരിയായ് നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെയും ജീവന്റെ വൃക്ഷത്തിലെയും പഴങ്ങള്‍ എണ്ണി ഒന്നും നഷ്ടപ്പെട്ടിട്ടില്ലായെന്നുറപ്പുവരുത്തണം...അത്താഴത്തിനുള്ളവ ശേഖരിക്കണം.


(ജീവന്റെ വൃക്ഷം - അത്തി)

വല്യ പ്രതീക്ഷയോടെയാണ് ആദത്തെ സൃഷ്ടിച്ചതും തോട്ടത്തിലെ പണികള്‍ ഏല്പ്പിച്ചതും. ഒത്തിരി കഷ്ടപ്പെടുന്നതു കണ്ട് സങ്കടം തോന്നിയപ്പോഴാണ് തോട്ടം നനയ്ക്കാന്‍ ഒരു നദി തന്നെ ഉണ്ടാക്കികൊടുത്തത് . കൂടുതല്‍ സൗകര്യത്തിനായ് അതിനെ നാലായ് തിരിച്ചു നാലുപാടും ഒഴുക്കിയും കൊടുത്തു.

ആദ്യകാലത്ത്കുഴപ്പമില്ലാതെ പണിയെടുക്കുമായിരുന്നു. ഒറ്റയ്ക്ക് നടന്നു മുഷിയുന്നതു കണ്ടപ്പോള്‍ സഹതാപം തോന്നി. ഉറക്കത്തില്‍ അവന്റെ വാരിയെല്ലില്‍ ഒന്നൂരിയെടുത്ത് ഒരു ഇണയെ ഉണ്ടാക്കി കൊടുത്തു..... അതോടെ പ്രശ്നങ്ങള്‍ ആരംഭിച്ചു. ഇപ്പോള്‍ സദാസമയവും 'വാരി' 'വാരി' എന്നും പറഞ്ഞ് അവളുടെ പിറകെ നടപ്പാണ്.... ചിലപ്പോഴൊക്കെ 'നാരി' 'നാരി' എന്നു കൊഞ്ചിച്ചുവിളിക്കുന്നതുകാണാം.... എന്തായാലും തോട്ടത്തിലെ പണികളൊന്നും നടക്കുന്നില്ലാ എന്നതു സത്യം.

നടന്നുനടന്ന് ദൈവം ഏദന്‍ തോട്ടത്തിന്റെ നടുഭാഗത്തെത്തി....
" യ്യോ!!!..."
ജീവന്റെ വൃക്ഷത്തിലെ ഇലകള്‍ കാണുന്നില്ലാ.
ഇതാരുകൊണ്ടുപോയ്.... ആടുകടിച്ചതാകുമോ, ആകാന്‍ വഴിയില്ലാ തറയില്‍ ഒരുപാടു പുല്ലുള്ളപ്പോള്‍ ആട് മരത്തില്‍ കയറില്ലാ... ഈ ഇലകളെല്ലാം എവിടെപ്പോയ്...

"ആദം...ആദം..." ദൈവം ഉറക്കെവിളിച്ചു....

"ഓ....." കുറ്റിക്കാട്ടില്‍ മറഞ്ഞിരുന്ന് ആദം വിളികേട്ടു

"നീ എന്താ അവിടെ ഒളിച്ചിരിക്കുന്നത്? പുറത്തുവരു...."

പേടിച്ച് പേടിച്ച് ആദം പുറത്തുവന്നു.... അവന്റ് പിന്നില്‍ മറഞ്ഞ് ഹവ്വയും...
ജീവന്റെ വൃക്ഷത്തിന്റെ ഇലകള്‍ കൂട്ടിച്ചേര്‍ത്ത് രണ്ടാളും ഉടുത്തിട്ടുണ്ട്...

"ആദം...നിന്നോട് തോട്ടത്തിലെ പഴങ്ങള്‍ പറിച്ചോളാനാണു ഞാന്‍ പറഞ്ഞിട്ടുള്ളത് ..ഇലകള്‍ പറിക്കാന്‍ ആരാണുപറഞ്ഞത്?...."

"നീ എനിക്കുകൂട്ടിനു തന്ന സ്ത്രീ നാണംമറയ്ക്കാന്‍ എന്തെലും കൊടുക്കാന്‍ പറഞ്ഞു...ഞങ്ങള്‍ നഗ്നരായിരുന്നല്ലൊ... ഞാന്‍ ഇലപറിച്ചു...അവളെ ഉടുപ്പിച്ചു...ഞാനും ഉടുത്തു.."

"ഓഹോ...നിങ്ങള്‍ നഗ്നരാണെന്ന് എങ്ങിനെ മനസിലായി?..." ദൈവം ചോദിച്ചു

"ദേവൃക്ഷത്തിലെ പഴം പറിച്ച് ഇവള്‍ എനിക്കുതന്നു... അതു തിന്നപ്പോഴാ ഇലപറിക്കാന്‍ തോന്നിയത്....."

"അപ്പോള്‍ പറിക്കരുതെന്നുപറഞ്ഞ പഴവും പറിച്ചുതിന്നു ഇല്ലെ... സ്തീയെ...നീ എന്തിനീ അനുസരണക്കേടു കാണിച്ചു?" ദൈവം ഹവ്വയോട് ചോദിച്ചു.

"ദാപാമ്പ് ...അതെന്നെ പറ്റിച്ചതാ..."

ദൈവം നന്മതിന്മകളുടെ അറിവിന്റെ വൃക്ഷശിഖരങ്ങളില്‍ നോക്കിയപ്പോള്‍ ഒരു പാമ്പ് തിടുക്കത്തില്‍ ഇഴഞ്ഞ് താഴെയിറങ്ങി കുറ്റിക്കാട്ടിലൊളിക്കാന്‍ ശ്രമിക്കുന്നു.

"പാമ്പെ ...നീ സ്തീയെ പറഞ്ഞുപറ്റിച്ചു ഇല്ലെ.... നിനക്കും അവളുടെ പുത്രനും തമ്മില്‍ ഞാന്‍ ശത്രുത ഉണ്ടാക്കും. അവന്‍ നിന്റെ തലതകര്‍ക്കും.... നീ നിന്റെ തലപോലിരിക്കുന്ന വാലും വാലല്ലാത്ത തലയും കാട്ടി അവനെ ചിന്താക്കുഴപ്പത്തിലാക്കും....ഏതാണു തല ഏതാണുവാല് എന്നറിയാതെ എവിടെതകര്‍ക്കണമെന്ന് ആലോചിച്ച് അവന്‍ നില്‍ക്കുമ്പോള്‍ നീ അവന്റെ കുതികാലില്‍ തലകൊണ്ടും വാലുകൊണ്ടും ആക്രമിക്കും..."

ദൈവം ഹവ്വയോട് തുടര്‍ന്നു പറഞ്ഞു...
"സ്ത്രീയെ.... ഞാന് നിനക്കു കഷ്ടവും ഗര്ഭധാരണവും ഏറ്റവും വര്ദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; വീണ്ടും വീണ്ടും പ്രസവിക്കാന്‍ കാലാകാലങ്ങളില്‍ നിന്നോട് ആഹ്വാനം ചെയ്യപ്പെടും, നിന്റെ ആഗ്രഹം നിന്ന്റെ ഭര്ത്താവിനോടു ആകും; അവനോ നിന്നെ ഭരിക്കാന്‍‍ശ്രമിക്കും..."


"തോട്ടം നനയ്ക്കാന്‍ സമയമായ്...എന്നാല്‍ ഞാന്‍ അങ്ങോട്ട് ചെല്ലട്ടേ... " ആദം തടിതപ്പാന്‍ ഒരു ശ്രമം നടത്തി...

"വേണ്ടാ... തിന്നരുതെന്നുഞാന്‍ പറഞ്ഞ പഴം പറിച്ചതുനീയല്ലായിരിക്കാം...പക്ഷെ ജീവന്റെവൃക്ഷത്തിലെ ഇലകളെല്ലാം പറിച്ചുവേഷംകെട്ടിയ നിന്നെ ഞാന്‍ പിരിച്ചുവിട്ടിരിക്കുന്നു.... "ഭൂമിയില്‍‌പോയ് വേലയെടുത്തുതിന്ന്..."

എല്ലാരെം പുറത്താക്കി ദൈവം പടിയടച്ചു....

പരസ്പരം പഴിച്ചുകൊണ്ട് ആദവും ഹവ്വയും നടന്നുനീങ്ങി... അവര്‍ക്കു കുട്ടികളുണ്ടാകുമ്പോള്‍ അവരെ പറ്റിക്കാനായ് ഇരുതലമൂരിയെന്ന പാമ്പ് അവരുടെ പിന്നാലെ പോയ്...
......................................................................................
മുന്‍‌കൂര്‍ ജാമ്യം
(പാരഡൈസ് ലോസ്റ്റ് എന്റെ കാഴ്ചപ്പാടില്‍ അവതരിപ്പിച്ച‌താണ്. ബൈബിളിനെ ഒരുപ്രകാരത്തിലും ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ശ്രമിച്ചതല്ലാ. ആര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍ ദയവായ് അറിയിക്കുക... ഈ പോസ്റ്റ് അപ്പോള്‍ വലിക്കുന്നതായിരിക്കും.)
.....................................................................................

ഇനി അത്തിയില കൊണ്ട് ആദവും ഹവ്വയും എളുപ്പത്തില്‍ വസ്തങ്ങളുണ്ടാക്കിയത് എങ്ങിനെയാണെന്നു നോക്കാം...വീതിയുള്ള രണ്ടിലകള്‍ മുന്‍ഭാഗത്തും രണ്ടെണ്ണം പിന്‍ഭാഗത്തും വയ്ക്കുക... നാലിലകളും ചെറിയ കമ്പുകളൂപയോഗിച്ച് യോജിപ്പിക്കുക. ഇലകളുടെ മുകള്വശം മുറിച്ചുമാറ്റുക.... ഹവ്വയ്ക്കുള്ള സ്കര്‍ട്ട് റെഡി. (താല്പര്യവും സമയവും കൂടുതലുണ്ടെങ്കില്‍ മനോധര്മ്മം അനുസരിച്ച് ഇതില്‍ കൂടുതല്‍ വര്‍ക്കുകള്‍ പരീക്ഷിക്കാവുന്നതാണ്)വലിയ രണ്ടിലകള്‍ പരസ്പരം ഈ ചിത്രത്തില്‍കാണുന്നതുപോലെ ചേര്‍ത്തുവയ്ക്കുക


അനാവശ്യഭാഗങ്ങള്‍ മുറിച്ചുകളഞ്ഞിട്ട് വെട്ടുകഷണങ്ങള്‍ ചെറുകമ്പുകളാല്‍ മുകളില്‍ 'റ' പോലെ രണ്ടുഭാഗത്തും തുന്നിവയ്ക്കുക. ഹവ്വയുടെ വസ്ത്രാലങ്കാരം പൂര്‍ത്തിയായി..

ഇനി ആദം... വെരി സിമ്പിള്‍, ഒരു വലിയ ഇല...അത്രേം മതിരണ്ടുവശവും മുകള്‍‌ ഭാഗവും അല്പം മുറിച്ചുകളയുക.
(ഇതായിരുന്നു ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും പുരാതനമായ കോസ്റ്റ്യൂം ഡിസൈനിംഗ് )

Saturday, 14 June 2008

മഞ്ഞച്ചേര മലര്‍ന്നുകടിച്ചാല്‍? Tell me why!!!

ബ്ലോഗിന്റെ അനന്തസാദ്ധ്യതകളെ കാര്യക്ഷമമായ് ഉപയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചു... ഇന്ന് എനിക്കും എന്നെപ്പോലെ പലര്‍ക്കും നാളെ ഒരുപാടുപേര്‍ക്കും ഗുണം ചെയ്യും എന്നപ്രതീക്ഷയില്‍ എനിക്കറിയാത്ത ....എത്ര ശ്രമിച്ചിട്ടും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍.... ഞാന്‍ വായനക്കാരുടെ മുമ്പില്‍ സമര്‍പ്പിക്കട്ടെ.... മറുപടി പ്രതീക്ഷിച്ചുകൊണ്ട്...

"മഞ്ഞച്ചേര മലര്‍ന്നുകടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ലാ....."
ഈ പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോ?

ഒരുകാലത്ത് ഞങ്ങളുടെ നാട്ടുകവലയില്‍ 3:1 എന്നതായിരുന്നു പാമ്പുകളു മനുഷ്യരും തമ്മിലുള്ള അനുപാതം. മൂര്‍ഖന്‍, അവരുടെ തന്നെ ജാതിയിലെ ഉന്നതകുലജാതരായ എട്ടടിമൂര്‍ഖന്‍ ഇത്തിരീം കൂടി ശ്രേഷ്ടജന്മം രാജന്‍‌വെമ്പാല. പിന്നെ അണലി സാധാ ചേര, ചേരയും മൂര്‍ഖനുമായുള്ള അവഹിത ബന്ധത്തില്‍ നിന്നും ഭൂജാതരായ അങ്ങോട്ടോ ഇങ്ങോട്ടോ എന്നു നിശ്ചയമില്ലാത്ത തരം ചേരമൂര്‍ഖന്‍, ആഭരണ പ്രിയരായ വളപുളപ്പന്‍, പുഷ് പുള്‍ട്രെയിന്‍ പോലിരിക്കുന്ന രണ്ടുതലയുള്ള ഒരുതരം പാമ്പുകള്‍ (ഇരുതല മൂരി എന്നാണ് ഇവറ്റയെ ഞങ്ങള്‍ വിളിച്ചിരുന്നത്). കൂടാതെ കുളിക്കടവിനടുത്തും ചുറ്റുവട്ടത്തുള്ള ചതുപ്പിലും ഫുള്‍ടൈം നീര്‍ക്കോലികള്‍.

ഇവറ്റകള്‍ക്കെല്ലാം കയറിക്കിടക്കാന്‍ ആവശ്യത്തിനു മാളമുണ്ടോ, അവയ്ക്ക് സമയാ സമയങ്ങളില്‍ ആഹാരം കിട്ടുന്നുണ്ടോ, ഏതെങ്കിലും ഇനം വംശനാശ ഭീഷണി നേരിടുന്നുണ്ടോ ഈ വക കാര്യങ്ങളൊന്നും ഞാന്‍ അന്വേഷിക്കാറില്ലാ...കാരണം എനിക്ക് പാമ്പിനെക്കുറിച്ച് ഓര്‍ക്കുന്നതുപോലും പേടിയാണ്. ഒരിക്കല്‍ അപ്രതീക്ഷിതമായ് ഒരു വല്യ ചേരപ്പാമ്പ് എന്റെ കാലില്‍ ആഞ്ഞൊരു ചുറ്റുചുറ്റി....ജീവിതത്തില്‍ ഏറ്റവുംകൂടുതല്‍ പേടിച്ചുപോയ നിമിഷങ്ങള്‍... എന്റെ എടപ്പള്ളിപ്പുണ്ണ്യാളോ എന്ന് അലറിവിളിച്ച് കാലൊറ്റകുടച്ചിലായിരുന്നു... ചേമ്പെലെയിലില്‍നിന്ന് മഴവെള്ളം തെന്നിപ്പോകുന്നതുപോലെ പിടിവിട്ട് പാമ്പ് താഴെവീണു... ഭയപ്പാടോടെ അതു എങ്ങോട്ടോ പരക്കം പാഞ്ഞു....കുടച്ചിലിന്റെ ശക്തിയില്‍ ബട്ടന്‍സുപൊട്ടിയ ട്രൗസര്‍ സ്ലോമോഷനില്‍ നാടകം കഴിഞ്ഞ് കര്‍ട്ടന്‍ വീഴുന്നപോലെ താഴെവീണു.... ചങ്ക് അപ്പോഴും പടാ...പടാ എന്നു ഇടിച്ചു കൊണ്ടിരിക്കുന്നു.

അന്നൊരു മൂപ്പിന്നു പറഞ്ഞതാണ്... മറ്റേതു പാമ്പുകടിച്ചാലും പരിഹാരമുണ്ട്... മഞ്ഞച്ചേരയൊഴികെ...മഞ്ഞച്ചേര മലര്‍ന്നുകടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ലാത്രേ!

വര്‍ഷങ്ങള്‍ക്കു ശേഷം... പാമ്പുകള്‍ക്ക് മാളവും ആകാശവും ഒന്നും ഇല്ലാത്ത ഒരു പട്ടണത്തില്‍ ഇരുന്നുകൊണ്ട് ധൈര്യസമേതം ഞാന്‍ ചില ചോദ്യങ്ങള്‍ മാന്യ വായനക്കാര്‍ സമക്ഷം അവതരിപ്പിക്കട്ടേ...

1. സ്വതേ നാണംകുണുങ്ങികളും വിഷമില്ലാത്തതും എന്നറിയപ്പെടുന്ന ചേരവര്‍ഗ്ഗത്തിലെ മഞ്ഞച്ചേരകള്‍ വിഷപ്പാമ്പുകളാണോ?..

ആണെങ്കില്‍

2. ഇവറ്റകള്‍ മലര്‍ന്നുകടിച്ചാല്‍ മാത്രമേ പേടിക്കേണ്ടതൊള്ളോ.... (ചില സ്കൂട്ടറുകള്‍ അല്പം ചരിച്ചുപിടിച്ച് കിക്ക് ചെയ്താല്‍ മാത്രം സ്റ്റാര്‍ട്ടാകുന്നപോലുള്ള എന്തെങ്കിലും സിസ്റ്റമാണോ ഈ മഞ്ഞച്ചേരകളുടെ മലര്‍ന്നുകടിയുടെ പിന്നില്‍?)

ഇതെല്ലാം നേരെങ്കില്‍

3. മലയാളത്തില്‍ മരുന്നില്ലായെന്നുപറയുമ്പോള്‍ ... തമിഴ്നാട്ടിലെയോ കര്‍ണ്ണാടകത്തിലെയോ ആന്ത്രപ്രദേശിലോ വിഷഹാരികള്‍ക്ക് ഈ കേസ് അറ്റന്‍ഡ് ചെയ്യാന്‍ സാധിക്കുമോ?


വിക്കിയിലും നെറ്റിലും തപ്പി കണ്ണും കയ്യും കുഴഞ്ഞു.... അറിയാവുന്ന ആരെങ്കിലും കമന്റിലൂടെ ഈ സംശയങ്ങള്‍ നീക്കിത്തരുമെന്നു കരുതുന്നു....ഇല്ലങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ ഞാന്‍ തന്നെ ഒരു നിഗമനത്തിലെത്തി ഈ ചാപ്റ്റര്‍ ക്ലോസ് ചെയ്യുന്നതായിരിക്കും.


(ഈ ബ്ലോഗിന്റെ നിറം പണ്ടിനാലെ കറുപ്പാണ്... എന്റെ നിറത്തിനോട് മാച്ച് ചെയ്യണ ഒരു നിറം തിരഞ്ഞെടുത്തു എന്നുമാത്രം. കരിവാരവുമായ് ഇതിനു യാതൊരു ബന്ധവുമില്ലാ...)

Friday, 18 April 2008

ആകാശത്തിലെപ്പോലെ ഭൂമിയിലും...

പിടിച്ചുപറിക്കാരന്‍
‍നിയമപാലകനോട്
ജീവാധാനത്തിനായി
എങ്ങിനെ അപേക്ഷിക്കും‍
കവിഞ്ചിയടിയേറ്റ്
കരയുന്ന ദൈവത്തോട്
മര്‍ദ്ധകരീന്നു രക്ഷിച്ചീടാന്
‍എങ്ങിനെ പ്രാര്‍ത്ഥിച്ചീടും

തലമുറവിടവ് അഥവാ ജനറേഷന്‍ ഗ്യാപ്പ്

മുത്തച്ഛനും രണ്ടുകാളകളും
വയലുഴുതുമറിക്കുമ്പോള്‍
അച്ഛന്‍ വീട്ടിലിരുന്ന്
ടാക്ക്ടര്‍ സ്വപ്നംകാണുമ്പോള്‍
ഞങ്ങള്‍ പാറപ്പുറത്തിരുന്ന്
കൊത്തങ്കല്ല് കളിക്കുമ്പോള്‍
മുതുമുത്തച്ഛന്‍ മാവിന്‍ചുവട്ടിലിരുന്ന്
പിറുക്കുകയായിരുന്നു
'വിനാശകാലെ വിപരീതബുദ്ധി.'

മുത്തച്ഛന്‍‍ മാവുംമുറിച്ചു പോയപ്പോള്
‍അച്ഛനും ഒരു‍ ടാക്ക്ടറും
വയലുഴുതുമറിക്കുമ്പോള്‍
‍ഞങ്ങള്‍‍ വീട്ടിലിരുന്ന്
നികന്നവയല്‍ സ്വപ്നംകാണുമ്പോള്‍
മുതുമുത്തച്ഛന്‍‍ മാവിന്‍‌കുറ്റിയിലിരുന്ന്
പിറുപിറുക്കുകയായിരുന്നു
'വിനാശകാലെ വിപരീതബുദ്ധി.'

Friday, 4 April 2008

അമ്മമനസ്സ്

ന്റെമോന്‍ രാമോരന്‍..
മറ്റുകുട്ടികളേക്കൂട്ടല്ലാ..
എന്തൊരുപുത്തി...
ഉറിയിലെങ്ങാനു
മെന്തേലുമിരുന്നാ
‍ചൂണ്ടിക്കാട്ടും ഉം..ഉം..
കൊടുത്തില്ലെ കരയും
തിന്നിട്ടുപിന്നേം ചൂംണ്ടും
മതിയായില്ലാന്നുസാരം
ഈ ചെക്കനെക്കൊണ്ടു ഞാന്‍തോറ്റ്
വയസ്സെട്ടു കഴിഞ്ഞിട്ടേയൊള്ള്!!!!


(ആശയം സാമ്പശിവന്റെ കഥാപ്രസംഗത്തില്‍നിന്നും..)

മിസ്റ്റര്‍ ബാബു

ഹലോ മിസ്റ്റര്‍ ബാബു...
നമ്പര്‍വണ്‍
നമ്പര്‍ടൂ
നമ്പര്‍ത്രീ..ത്രീ..ത്രീ...

നമ്പര്‍ഫോര്‍
നമ്പര്‍ഫൈവ്
നമ്പര്‍സിക്സ്..സിക്സ്..സിക്സ്..

നമ്പര്‍സവന്‍
നമ്പര്‍എയ്റ്റ്
നമ്പര്‍നൈന്‍..നൈന്‍..നൈന്‍...

നമ്പര്‍ടെന്‍
നമ്പര്‍ഇലവന്‍
നമ്പര്‍ടൊല്‌വ്..
ടൊല്‌വ്..ടോല്‌വ്..

സ്റ്റാച്യൂ....

(എനിക്കിഷ്ടപ്പെട്ട മറ്റൊരു കവിതയും കൂടി പോസ്റ്റ് ചെയ്യുന്നു...ഇതാരാ എഴുതിയതെന്നും നിശ്ചയമിലാ... റാകിപ്പറക്കുന്ന ചെമ്പരുന്തേ...പോലെ അണ്‍നോണ്‍ ഓതറാണെന്നുതോന്നുന്നു.... യു.കെ.ജിയില്‍ പോണ അല്പോന്‍സ (എന്റെ ചേട്ടന്റെ മകള്‍) എന്നെ പാടിക്കേള്‍പ്പിച്ചതാ... അവളെ ബീനാമിസ്സ് പഠിപ്പിച്ചതാന്നാ പറഞ്ഞത്..)

Thursday, 3 April 2008

വിമോചന സമരം

തെക്കുതെക്കൊരു ദേശത്ത്
അലയാഴികളുടെ തീരത്ത്
ഭര്‍ത്താവില്ലാ നേരത്ത്
ഗ്ലോറിയെന്നൊരു ഗര്‍ഭിണിയെ
ചുട്ടുകരിച്ചൊരു സര്‍ക്കാരെ
രാജിവയ്ക്കു...
രാജിവയ്ക്കു...
രാജിവയ്ക്കു...
പൊട്ടിക്കും ഞങ്ങ
പൊട്ടിക്കും ഞങ്ങ
മുണ്ടന്റെ പദ്ധതി
പൊട്ടിക്കും ഞങ്ങ


(എന്റെ അമ്മമ്മയ്ക് ആകെക്കൂടി അറിയാവുന്ന ഒരു കവിത...
കഥപറയാന്‍ പറഞ്ഞാലും...
പാട്ടുപാടാന്‍ പറഞ്ഞാലും...
ഒന്നുമിണ്ടാതിരിക്കാമോന്നുചോദിച്ചാലും...ഇതുതന്നെ പാടും...
....
ഈ വിപ്ലവഗാനം കേട്ടാണ് ഞാന്‍ വളര്‍ന്നത്...

ഇതാരെഴുതിയതയാലും ശരി...
എനിക്കേറ്റവും ഇഷ്ടമാണിത്...
എന്റെ ബാല്യം‌പോലെ...
എന്റെ അമ്മമ്മയെപ്പോലെ....

കവിഞ്ചി എന്ന എന്റെ കവിതാബ്ലോഗ് എന്റെ അമ്മമ്മയ്ക്ക്...
അല്ലാതെ ആര്‍ക്കിട്ട് സമര്‍പ്പിക്കും...)