Showing posts with label snake. Show all posts
Showing posts with label snake. Show all posts

Friday, 4 July 2008

ആദ്യപാവം അത്തിയിലപറിച്ചത്

ദൈവം പതിവുപോലെ ഏദന്‍‍‌തോട്ടത്തില്‍ സായാഹ്നസവാരിക്കിറങ്ങി... പഴയതുപോലെ നേരമ്പോക്കിനുള്ള ഒരു ചുറ്റിക്കറക്കമല്ലാ. തോട്ടത്തില്‍ മുഴുവന്‍ ചുറ്റിനടന്നു ശ്രദ്ധിക്കണം, എല്ലാത്തിലുമുപരിയായ് നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെയും ജീവന്റെ വൃക്ഷത്തിലെയും പഴങ്ങള്‍ എണ്ണി ഒന്നും നഷ്ടപ്പെട്ടിട്ടില്ലായെന്നുറപ്പുവരുത്തണം...അത്താഴത്തിനുള്ളവ ശേഖരിക്കണം.


(ജീവന്റെ വൃക്ഷം - അത്തി)

വല്യ പ്രതീക്ഷയോടെയാണ് ആദത്തെ സൃഷ്ടിച്ചതും തോട്ടത്തിലെ പണികള്‍ ഏല്പ്പിച്ചതും. ഒത്തിരി കഷ്ടപ്പെടുന്നതു കണ്ട് സങ്കടം തോന്നിയപ്പോഴാണ് തോട്ടം നനയ്ക്കാന്‍ ഒരു നദി തന്നെ ഉണ്ടാക്കികൊടുത്തത് . കൂടുതല്‍ സൗകര്യത്തിനായ് അതിനെ നാലായ് തിരിച്ചു നാലുപാടും ഒഴുക്കിയും കൊടുത്തു.

ആദ്യകാലത്ത്കുഴപ്പമില്ലാതെ പണിയെടുക്കുമായിരുന്നു. ഒറ്റയ്ക്ക് നടന്നു മുഷിയുന്നതു കണ്ടപ്പോള്‍ സഹതാപം തോന്നി. ഉറക്കത്തില്‍ അവന്റെ വാരിയെല്ലില്‍ ഒന്നൂരിയെടുത്ത് ഒരു ഇണയെ ഉണ്ടാക്കി കൊടുത്തു..... അതോടെ പ്രശ്നങ്ങള്‍ ആരംഭിച്ചു. ഇപ്പോള്‍ സദാസമയവും 'വാരി' 'വാരി' എന്നും പറഞ്ഞ് അവളുടെ പിറകെ നടപ്പാണ്.... ചിലപ്പോഴൊക്കെ 'നാരി' 'നാരി' എന്നു കൊഞ്ചിച്ചുവിളിക്കുന്നതുകാണാം.... എന്തായാലും തോട്ടത്തിലെ പണികളൊന്നും നടക്കുന്നില്ലാ എന്നതു സത്യം.

നടന്നുനടന്ന് ദൈവം ഏദന്‍ തോട്ടത്തിന്റെ നടുഭാഗത്തെത്തി....
" യ്യോ!!!..."
ജീവന്റെ വൃക്ഷത്തിലെ ഇലകള്‍ കാണുന്നില്ലാ.
ഇതാരുകൊണ്ടുപോയ്.... ആടുകടിച്ചതാകുമോ, ആകാന്‍ വഴിയില്ലാ തറയില്‍ ഒരുപാടു പുല്ലുള്ളപ്പോള്‍ ആട് മരത്തില്‍ കയറില്ലാ... ഈ ഇലകളെല്ലാം എവിടെപ്പോയ്...

"ആദം...ആദം..." ദൈവം ഉറക്കെവിളിച്ചു....

"ഓ....." കുറ്റിക്കാട്ടില്‍ മറഞ്ഞിരുന്ന് ആദം വിളികേട്ടു

"നീ എന്താ അവിടെ ഒളിച്ചിരിക്കുന്നത്? പുറത്തുവരു...."

പേടിച്ച് പേടിച്ച് ആദം പുറത്തുവന്നു.... അവന്റ് പിന്നില്‍ മറഞ്ഞ് ഹവ്വയും...
ജീവന്റെ വൃക്ഷത്തിന്റെ ഇലകള്‍ കൂട്ടിച്ചേര്‍ത്ത് രണ്ടാളും ഉടുത്തിട്ടുണ്ട്...

"ആദം...നിന്നോട് തോട്ടത്തിലെ പഴങ്ങള്‍ പറിച്ചോളാനാണു ഞാന്‍ പറഞ്ഞിട്ടുള്ളത് ..ഇലകള്‍ പറിക്കാന്‍ ആരാണുപറഞ്ഞത്?...."

"നീ എനിക്കുകൂട്ടിനു തന്ന സ്ത്രീ നാണംമറയ്ക്കാന്‍ എന്തെലും കൊടുക്കാന്‍ പറഞ്ഞു...ഞങ്ങള്‍ നഗ്നരായിരുന്നല്ലൊ... ഞാന്‍ ഇലപറിച്ചു...അവളെ ഉടുപ്പിച്ചു...ഞാനും ഉടുത്തു.."

"ഓഹോ...നിങ്ങള്‍ നഗ്നരാണെന്ന് എങ്ങിനെ മനസിലായി?..." ദൈവം ചോദിച്ചു

"ദേവൃക്ഷത്തിലെ പഴം പറിച്ച് ഇവള്‍ എനിക്കുതന്നു... അതു തിന്നപ്പോഴാ ഇലപറിക്കാന്‍ തോന്നിയത്....."

"അപ്പോള്‍ പറിക്കരുതെന്നുപറഞ്ഞ പഴവും പറിച്ചുതിന്നു ഇല്ലെ... സ്തീയെ...നീ എന്തിനീ അനുസരണക്കേടു കാണിച്ചു?" ദൈവം ഹവ്വയോട് ചോദിച്ചു.

"ദാപാമ്പ് ...അതെന്നെ പറ്റിച്ചതാ..."

ദൈവം നന്മതിന്മകളുടെ അറിവിന്റെ വൃക്ഷശിഖരങ്ങളില്‍ നോക്കിയപ്പോള്‍ ഒരു പാമ്പ് തിടുക്കത്തില്‍ ഇഴഞ്ഞ് താഴെയിറങ്ങി കുറ്റിക്കാട്ടിലൊളിക്കാന്‍ ശ്രമിക്കുന്നു.

"പാമ്പെ ...നീ സ്തീയെ പറഞ്ഞുപറ്റിച്ചു ഇല്ലെ.... നിനക്കും അവളുടെ പുത്രനും തമ്മില്‍ ഞാന്‍ ശത്രുത ഉണ്ടാക്കും. അവന്‍ നിന്റെ തലതകര്‍ക്കും.... നീ നിന്റെ തലപോലിരിക്കുന്ന വാലും വാലല്ലാത്ത തലയും കാട്ടി അവനെ ചിന്താക്കുഴപ്പത്തിലാക്കും....ഏതാണു തല ഏതാണുവാല് എന്നറിയാതെ എവിടെതകര്‍ക്കണമെന്ന് ആലോചിച്ച് അവന്‍ നില്‍ക്കുമ്പോള്‍ നീ അവന്റെ കുതികാലില്‍ തലകൊണ്ടും വാലുകൊണ്ടും ആക്രമിക്കും..."

ദൈവം ഹവ്വയോട് തുടര്‍ന്നു പറഞ്ഞു...
"സ്ത്രീയെ.... ഞാന് നിനക്കു കഷ്ടവും ഗര്ഭധാരണവും ഏറ്റവും വര്ദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; വീണ്ടും വീണ്ടും പ്രസവിക്കാന്‍ കാലാകാലങ്ങളില്‍ നിന്നോട് ആഹ്വാനം ചെയ്യപ്പെടും, നിന്റെ ആഗ്രഹം നിന്ന്റെ ഭര്ത്താവിനോടു ആകും; അവനോ നിന്നെ ഭരിക്കാന്‍‍ശ്രമിക്കും..."


"തോട്ടം നനയ്ക്കാന്‍ സമയമായ്...എന്നാല്‍ ഞാന്‍ അങ്ങോട്ട് ചെല്ലട്ടേ... " ആദം തടിതപ്പാന്‍ ഒരു ശ്രമം നടത്തി...

"വേണ്ടാ... തിന്നരുതെന്നുഞാന്‍ പറഞ്ഞ പഴം പറിച്ചതുനീയല്ലായിരിക്കാം...പക്ഷെ ജീവന്റെവൃക്ഷത്തിലെ ഇലകളെല്ലാം പറിച്ചുവേഷംകെട്ടിയ നിന്നെ ഞാന്‍ പിരിച്ചുവിട്ടിരിക്കുന്നു.... "ഭൂമിയില്‍‌പോയ് വേലയെടുത്തുതിന്ന്..."

എല്ലാരെം പുറത്താക്കി ദൈവം പടിയടച്ചു....

പരസ്പരം പഴിച്ചുകൊണ്ട് ആദവും ഹവ്വയും നടന്നുനീങ്ങി... അവര്‍ക്കു കുട്ടികളുണ്ടാകുമ്പോള്‍ അവരെ പറ്റിക്കാനായ് ഇരുതലമൂരിയെന്ന പാമ്പ് അവരുടെ പിന്നാലെ പോയ്...
......................................................................................
മുന്‍‌കൂര്‍ ജാമ്യം
(പാരഡൈസ് ലോസ്റ്റ് എന്റെ കാഴ്ചപ്പാടില്‍ അവതരിപ്പിച്ച‌താണ്. ബൈബിളിനെ ഒരുപ്രകാരത്തിലും ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ശ്രമിച്ചതല്ലാ. ആര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍ ദയവായ് അറിയിക്കുക... ഈ പോസ്റ്റ് അപ്പോള്‍ വലിക്കുന്നതായിരിക്കും.)
.....................................................................................

ഇനി അത്തിയില കൊണ്ട് ആദവും ഹവ്വയും എളുപ്പത്തില്‍ വസ്തങ്ങളുണ്ടാക്കിയത് എങ്ങിനെയാണെന്നു നോക്കാം...



വീതിയുള്ള രണ്ടിലകള്‍ മുന്‍ഭാഗത്തും രണ്ടെണ്ണം പിന്‍ഭാഗത്തും വയ്ക്കുക... നാലിലകളും ചെറിയ കമ്പുകളൂപയോഗിച്ച് യോജിപ്പിക്കുക. ഇലകളുടെ മുകള്വശം മുറിച്ചുമാറ്റുക.... ഹവ്വയ്ക്കുള്ള സ്കര്‍ട്ട് റെഡി. (താല്പര്യവും സമയവും കൂടുതലുണ്ടെങ്കില്‍ മനോധര്മ്മം അനുസരിച്ച് ഇതില്‍ കൂടുതല്‍ വര്‍ക്കുകള്‍ പരീക്ഷിക്കാവുന്നതാണ്)



വലിയ രണ്ടിലകള്‍ പരസ്പരം ഈ ചിത്രത്തില്‍കാണുന്നതുപോലെ ചേര്‍ത്തുവയ്ക്കുക


അനാവശ്യഭാഗങ്ങള്‍ മുറിച്ചുകളഞ്ഞിട്ട് വെട്ടുകഷണങ്ങള്‍ ചെറുകമ്പുകളാല്‍ മുകളില്‍ 'റ' പോലെ രണ്ടുഭാഗത്തും തുന്നിവയ്ക്കുക. ഹവ്വയുടെ വസ്ത്രാലങ്കാരം പൂര്‍ത്തിയായി..

ഇനി ആദം... വെരി സിമ്പിള്‍, ഒരു വലിയ ഇല...അത്രേം മതി



രണ്ടുവശവും മുകള്‍‌ ഭാഗവും അല്പം മുറിച്ചുകളയുക.
(ഇതായിരുന്നു ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും പുരാതനമായ കോസ്റ്റ്യൂം ഡിസൈനിംഗ് )