Thursday, 23 October 2008

കറുത്തമതം

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കറുപ്പുപോലെ തലയ്ക്കുപിടിച്ചപ്പോള്‍ എന്റെ അച്ചായന്‍ പണിക്കുപോക്ക് നിര്‍ത്തി ഫുള്‍ടൈം പാര്‍ട്ടിപ്രവൃത്തനങ്ങളില്‍ വ്യാപൃതനായി.

പാര്‍ട്ടിക്കുവേണ്ടി കൊടിപിടിക്കുന്നതിലും, പിടിപ്പിക്കുന്നതിലും- ഇടികൊള്ളുന്നതിലും, കൊടുക്കുന്നതിലും വല്ലാത്തൊരു ആത്മസംതൃപ്തി അക്കാലത്ത് അച്ചായന്‍ അനുഭവിച്ചുപോന്നു. ആഹാരം കഴിക്കുമ്പോള്‍ പോലും കെ.എസ്സ്.ജോര്ജ്ജിന്റെ വിപ്ലവഗാനങ്ങള്‍ മൂളിയിരുന്ന അക്കാലത്ത് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രക്തസാക്ഷി ആവാന്‍ മാത്രമല്ല മന്ത്രിയാകാനും അച്ചായന്‍ മടിക്കില്ലായിരുന്നു.

ഏതോ ഒരു കൊടിമൂത്ത താത്വികാചാര്യന്റെ സ്റ്റഡീക്ലാസ്സാണ് എല്ലാം കീഴ്മേല്‍ മറിച്ചത്... "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്" മുതുമുത്തച്ഛന്‍ സഖാവ് എവിടെയോ എഴുതിവച്ചിരുന്നകാര്യം അന്നാദ്യമായാണ് അച്ചായന്‍ കേള്‍ക്കുന്നത്.

അതിനുശേഷം അച്ചായന്‍ എന്നും പള്ളിയില്‍ പോകും, മതപരമായ എല്ലാ ചടങ്ങുകളിലും പങ്കെടുക്കും. ഇതരമതങ്ങളോടും വല്ലാത്ത ആദരവും അനുഭാവവും പ്രകടിപ്പിക്കും.

കറുപ്പ് അച്ചായന്റെ ഒരു വീക്നെസ്സ് ആയിരുന്നു... ചെറുപ്പംമുതല്‍.

Monday, 13 October 2008

കുരങ്ങന്‍

"ആളെമനസ്സിലായില്ലാലോ... എവിടുന്നാ"

"ഞാന്‍ ഇവിടുത്തുകാരന്‍ തന്നെ, ആല്‍ത്തറ സ്റ്റോപ്പിന്റെ താഴെ മൂന്നാമത്തെവീട്"

"ആല്‍ത്തറ സ്റ്റോപ്പിന്റെ താഴെ..... പിടികിട്ടീലല്ലോ മോനെ. അച്ഛന്‍ പോസ്റ്റ്മാനാണോ‌?"

"അല്ല... ഇവിടുത്തെ ഹൈസ്കൂളില്‍ മാഷാണ്..."

"ആല്‍ത്തറസ്റ്റോപ്പില്‍ ഏതുമാഷ്...പുതിയ താമസക്കാരാ..?"

"അല്ല ..നാലുവര്‍ഷമായിട്ട് ഇവിടെത്തന്നെയാ.. അമ്മയെ അറിയുമായിരിക്കും ഇവിടുത്തെ ബാങ്കില്‍ മാനേജരാണ്.. സ്റ്റേറ്റ്ബാങ്ക്"

"എനിക്കത്രയങ്ങോട്ട് ഓര്‍മ്മകിട്ടുന്നില്ല... നിങ്ങളു മക്കള്‍ എത്രപേരാ?"

"രണ്ടുപേരു...എനിക്കൊരു സിസ്റ്ററുണ്ട്....പറഞ്ഞാല്‍ അറിയാതിരിക്കില്ലാ.. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ഈ വര്‍ഷത്തെ കലാതിലകമാണ്... പത്രത്തിലൊക്കെ വാര്‍ത്ത ഉണ്ടായിരുന്നു"

"ഒന്നുചോദിക്കട്ടെ...ആല്‍ത്തറ സ്റ്റോപ്പുകഴിഞ്ഞാല്‍ മൂന്നാമത്തെ വീടന്നല്ലെ പറഞ്ഞെ?"

"അതെ ..നീല പെയിന്റടിച്ച ഗേറ്റൊക്കെയായിട്ട്... "

"ആ നീല ഗേയ്റ്റ് ... ആവീട്ടിലല്ലെ ഒരു കുരങ്ങുള്ളത്... തെങ്ങിന്റെ ചുവട്ടില്‍ കെട്ടിയിട്ടിരിക്കുന്ന..."

"അതെ ആവീടുതന്നെ"

"ഇപ്പോഴല്ലെ ആളെ മനസ്സിലായത് ... ഇതങ്ങ് ആദ്യമെ പറഞ്ഞാല്‍ പോരായിരുന്നോ"!!!