ബ്ലോഗിന്റെ അനന്തസാദ്ധ്യതകളെ കാര്യക്ഷമമായ് ഉപയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചു... ഇന്ന് എനിക്കും എന്നെപ്പോലെ പലര്‍ക്കും നാളെ ഒരുപാടുപേര്‍ക്കും ഗുണം ചെയ്യും എന്നപ്രതീക്ഷയില്‍ എനിക്കറിയാത്ത ....എത്ര ശ്രമിച്ചിട്ടും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍.... ഞാന്‍ വായനക്കാരുടെ മുമ്പില്‍ സമര്‍പ്പിക്കട്ടെ.... മറുപടി പ്രതീക്ഷിച്ചുകൊണ്ട്...
"മഞ്ഞച്ചേര മലര്‍ന്നുകടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ലാ....."
ഈ പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോ?
ഒരുകാലത്ത് ഞങ്ങളുടെ നാട്ടുകവലയില്‍ 3:1 എന്നതായിരുന്നു പാമ്പുകളു മനുഷ്യരും തമ്മിലുള്ള അനുപാതം. മൂര്‍ഖന്‍, അവരുടെ തന്നെ ജാതിയിലെ ഉന്നതകുലജാതരായ എട്ടടിമൂര്‍ഖന്‍ ഇത്തിരീം കൂടി ശ്രേഷ്ടജന്മം രാജന്‍വെമ്പാല. പിന്നെ അണലി സാധാ ചേര, ചേരയും മൂര്‍ഖനുമായുള്ള അവഹിത ബന്ധത്തില്‍ നിന്നും ഭൂജാതരായ അങ്ങോട്ടോ ഇങ്ങോട്ടോ എന്നു നിശ്ചയമില്ലാത്ത തരം ചേരമൂര്‍ഖന്‍, ആഭരണ പ്രിയരായ വളപുളപ്പന്‍, പുഷ് പുള്‍ട്രെയിന്‍ പോലിരിക്കുന്ന രണ്ടുതലയുള്ള ഒരുതരം പാമ്പുകള്‍ (ഇരുതല മൂരി എന്നാണ് ഇവറ്റയെ ഞങ്ങള്‍ വിളിച്ചിരുന്നത്). കൂടാതെ കുളിക്കടവിനടുത്തും ചുറ്റുവട്ടത്തുള്ള ചതുപ്പിലും ഫുള്‍ടൈം നീര്‍ക്കോലികള്‍.
ഇവറ്റകള്‍ക്കെല്ലാം കയറിക്കിടക്കാന്‍ ആവശ്യത്തിനു മാളമുണ്ടോ, അവയ്ക്ക് സമയാ സമയങ്ങളില്‍ ആഹാരം കിട്ടുന്നുണ്ടോ, ഏതെങ്കിലും ഇനം വംശനാശ ഭീഷണി നേരിടുന്നുണ്ടോ ഈ വക കാര്യങ്ങളൊന്നും ഞാന്‍ അന്വേഷിക്കാറില്ലാ...കാരണം എനിക്ക് പാമ്പിനെക്കുറിച്ച് ഓര്‍ക്കുന്നതുപോലും പേടിയാണ്. ഒരിക്കല്‍ അപ്രതീക്ഷിതമായ് ഒരു വല്യ ചേരപ്പാമ്പ് എന്റെ കാലില്‍ ആഞ്ഞൊരു ചുറ്റുചുറ്റി....ജീവിതത്തില്‍ ഏറ്റവുംകൂടുതല്‍ പേടിച്ചുപോയ നിമിഷങ്ങള്‍... എന്റെ എടപ്പള്ളിപ്പുണ്ണ്യാളോ എന്ന് അലറിവിളിച്ച് കാലൊറ്റകുടച്ചിലായിരുന്നു... ചേമ്പെലെയിലില്‍നിന്ന് മഴവെള്ളം തെന്നിപ്പോകുന്നതുപോലെ പിടിവിട്ട് പാമ്പ് താഴെവീണു... ഭയപ്പാടോടെ അതു എങ്ങോട്ടോ പരക്കം പാഞ്ഞു....കുടച്ചിലിന്റെ ശക്തിയില്‍ ബട്ടന്‍സുപൊട്ടിയ ട്രൗസര്‍ സ്ലോമോഷനില്‍ നാടകം കഴിഞ്ഞ് കര്‍ട്ടന്‍ വീഴുന്നപോലെ താഴെവീണു.... ചങ്ക് അപ്പോഴും പടാ...പടാ എന്നു ഇടിച്ചു കൊണ്ടിരിക്കുന്നു.
അന്നൊരു മൂപ്പിന്നു പറഞ്ഞതാണ്... മറ്റേതു പാമ്പുകടിച്ചാലും പരിഹാരമുണ്ട്... മഞ്ഞച്ചേരയൊഴികെ...മഞ്ഞച്ചേര മലര്‍ന്നുകടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ലാത്രേ!
വര്‍ഷങ്ങള്‍ക്കു ശേഷം... പാമ്പുകള്‍ക്ക് മാളവും ആകാശവും ഒന്നും ഇല്ലാത്ത ഒരു പട്ടണത്തില്‍ ഇരുന്നുകൊണ്ട് ധൈര്യസമേതം ഞാന്‍ ചില ചോദ്യങ്ങള്‍ മാന്യ വായനക്കാര്‍ സമക്ഷം അവതരിപ്പിക്കട്ടേ...
1. സ്വതേ നാണംകുണുങ്ങികളും വിഷമില്ലാത്തതും എന്നറിയപ്പെടുന്ന ചേരവര്‍ഗ്ഗത്തിലെ മഞ്ഞച്ചേരകള്‍ വിഷപ്പാമ്പുകളാണോ?..
ആണെങ്കില്‍
2. ഇവറ്റകള്‍ മലര്‍ന്നുകടിച്ചാല്‍ മാത്രമേ പേടിക്കേണ്ടതൊള്ളോ.... (ചില സ്കൂട്ടറുകള്‍ അല്പം ചരിച്ചുപിടിച്ച് കിക്ക് ചെയ്താല്‍ മാത്രം സ്റ്റാര്‍ട്ടാകുന്നപോലുള്ള എന്തെങ്കിലും സിസ്റ്റമാണോ ഈ മഞ്ഞച്ചേരകളുടെ മലര്‍ന്നുകടിയുടെ പിന്നില്‍?)
ഇതെല്ലാം നേരെങ്കില്‍
3. മലയാളത്തില്‍ മരുന്നില്ലായെന്നുപറയുമ്പോള്‍ ... തമിഴ്നാട്ടിലെയോ കര്‍ണ്ണാടകത്തിലെയോ ആന്ത്രപ്രദേശിലോ വിഷഹാരികള്‍ക്ക് ഈ കേസ് അറ്റന്‍ഡ് ചെയ്യാന്‍ സാധിക്കുമോ?
വിക്കിയിലും നെറ്റിലും തപ്പി കണ്ണും കയ്യും കുഴഞ്ഞു.... അറിയാവുന്ന ആരെങ്കിലും കമന്റിലൂടെ ഈ സംശയങ്ങള്‍ നീക്കിത്തരുമെന്നു കരുതുന്നു....ഇല്ലങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ ഞാന്‍ തന്നെ ഒരു നിഗമനത്തിലെത്തി ഈ ചാപ്റ്റര്‍ ക്ലോസ് ചെയ്യുന്നതായിരിക്കും.
(ഈ ബ്ലോഗിന്റെ നിറം പണ്ടിനാലെ കറുപ്പാണ്... എന്റെ നിറത്തിനോട് മാച്ച് ചെയ്യണ ഒരു നിറം തിരഞ്ഞെടുത്തു എന്നുമാത്രം. കരിവാരവുമായ് ഇതിനു യാതൊരു ബന്ധവുമില്ലാ...)
Saturday, 14 June 2008
Subscribe to:
Posts (Atom)